രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണത്തിൽ 33% കുറവ്; റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 2022 ല്‍ 33% കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്‌സ് ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് ഡീല്‍സ് ട്രാക്കര്‍ റിപ്പോര്‍ട്ട്. 2021 ൽ ഇത് 35.2 ബില്യൺ ഡോളറായിരുന്നു. രണ്ട് വർഷങ്ങളിലായി യഥാക്രമം 10.9 ബില്യൺ ഡോളറും 12.8 ബില്യൺ ഡോളറും നേടി. ഫണ്ട് സ്വരൂപിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2021 ൽ 1106 സ്റ്റാര്‍ട്ടപ്പുകൾ മൂലധനം സമാഹരിച്ചപ്പോൾ, 2022 ൽ ഇത് 1021 സ്റ്റാര്‍ട്ടപ്പുകളാണ്.

സോഫ്റ്റ് വെയർ ആസ് എ സർവീസിന്റെ ധനസമാഹരണത്തിൽ 2022 ൽ 20% വർദ്ധനവ് രേഖപ്പെടുത്തി. ഈ വർഷത്തെ മൊത്തം ധനസമാഹരണ പ്രവർത്തനങ്ങളുടെ 25 ശതമാനമാണിത്. ഫിൻടെക്, ഓട്ടോടെക്, എഡ്ടെക് എന്നിവയാണ് ഇതിന് പിന്നിൽ. മാധ്യമ, വിനോദ മേഖലയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022 ൽ ഇന്ത്യയിലെ മൊത്തം സ്റ്റാര്‍ട്ടപ്പ് ധനസമാഹരണ പ്രവർത്തനത്തിന്‍റെ 88 ശതമാനവും ബെംഗളൂരു, എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ്.