ഒരോവറില്‍ 7 സിക്‌സർ; ഋതുരാജ് ഗെയ്ക്ക്‌വാദിന് റെക്കോർഡ്

അഹമ്മദാബാദ്‌: വിജയ് ഹസാരെ ട്രോഫിയിൽ സ്റ്റാറായി മഹാരാഷ്ട്രയുടെ ഋതുരാജ് ഗെയ്ക്ക്‌വാദ്. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ ഗെയ്ക്ക്‌വാദ് ഒരോവറിൽ ഏഴ് സിക്സറുകളാണ് അടിച്ചത്. മത്സരത്തിൽ അദ്ദേഹം ഇരട്ട സെഞ്ച്വറിയും (220) നേടി.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു താരം ഒരു ഓവറിൽ തുടർച്ചയായി ഏഴ് സിക്സറുകൾ പറത്തുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും അദ്ദേഹത്തിന്‍റെ പേരിലാണ്. 2013ൽ ധാക്ക പ്രീമിയർ ഡിവിഷൻ മത്സരത്തിൽ ഒരോവറിൽ 39 റൺസ് നേടിയ സിംബാബ്‌വേയുടെ എല്‍ട്ടണ്‍ ചിഗുംബരയുടെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്.

ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഋതുരാജിന്‍റെ ക്ലാസ് പ്രകടനം. ഈ ഓവറിൽ ഒരു നോ ബോൾ ഉൾപ്പെടെ 43 റൺസ് ആണ് നേടിയത്. ഋതുരാജിന്‍റെ പ്രകടനത്തോടെ മഹാരാഷ്ട്ര 330 റൺസ് ആണ് നേടിയത്.