‘ആമസോൺ പ്രൈം എയർ’; ഡ്രോൺ ഡെലിവറിക്ക് തുടക്കമിട്ട് ആമസോൺ

യുഎസ്: അതിവേഗ ഡെലിവറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് ആമസോൺ. യു.എസ് സംസ്ഥാനങ്ങളായ കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വഴി ഓർഡറുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ വീടുകളിൽ പാക്കേജുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോൺ പുതിയ ഡ്രോൺ ഡെലിവറി സംവിധാനം ആരംഭിച്ചത്.

അടുത്തിടെ, കാലിഫോർണിയയിലെ ലോക്ക്ഫോർഡിലെയും ടെക്സസിലെ കോളേജ് സ്റ്റേഷനിലെയും ഉപഭോക്താക്കൾക്ക് കമ്പനിയുടെ ‘ആമസോൺ പ്രൈം എയർ’ ഡ്രോൺ സേവനത്തിലൂടെ ചെറിയ പാഴ്സലുകൾ ലഭ്യമാക്കിയിരുന്നു.

തുടക്കമെന്ന നിലയിലാണ് യുഎസിലെ രണ്ട് പ്രധാന സംസ്ഥാനങ്ങളിൽ ഈ സംവിധാനം അവതരിപ്പിച്ചത്. കാലക്രമേണ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കുമെന്ന് ആമസോൺ എയർ വക്താവ് നതാലി ബാങ്കെ അറിയിച്ചു.