ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി ആമസോണിൻ്റെ തിരിച്ചുവരവ്

സാൻഫ്രാന്സിസ്കോ: ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായി ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 % ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറവ്‌ വന്നിട്ടും ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ.

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ആയ ബ്രാൻഡ് ഫിനാൻസിന്‍റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളുടെ പട്ടികയിൽ ആമസോൺ ഒന്നാമതെത്തിയപ്പോൾ അതിന്‍റെ റേറ്റിംഗ് എഎഎ + ൽ നിന്ന് എഎഎയിലേക്ക് താഴ്ന്നു. ബ്രാൻഡിന്‍റെ മൂല്യം ഈ വർഷം 50 ബില്യൺ ഡോളറിലധികമായി ഇടിവ് വന്നു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം കുറഞ്ഞുവെന്ന് ബ്രാൻഡ് ഫിനാൻസിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഡെലിവറി സമയത്തിലെ വർദ്ധനവ് ഉപഭോക്താക്കളെ നിരാശരാക്കി. ഇതിനാൽ ഉപയോക്താക്കൾ ആമസോൺ മറ്റുള്ളവർക്ക് ശുപാർശ ചെയ്യാനുള്ള സാധ്യതയിലും കുറവ് വന്നു. 

കോവിഡ് അവസാനിച്ചതോടെ ആളുകൾ ഓൺലൈനിൽ ഷോപ്പിംഗ് നിർത്തുകയും സ്റ്റോറുകളിൽ നേരിട്ട് വാങ്ങലുകൾ നടത്തുകയും ചെയ്തു. ഇത് ഓൺലൈൻ വിൽപ്പനയെ ഒരു പരിധിവരെ ബാധിച്ചിട്ടുണ്ട്.