കോഴിക്കോട് നിന്ന് പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം; വാഹനത്തിന് നേരെ വെടിയുതിർത്തു

കോഴിക്കോട്: കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം. ജബൽപൂരിൽ നിന്ന് വാരണാസിയിലേക്കുള്ള റോഡിൽ ആംബുലൻസിന് മുന്നിൽ നിന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നവംബർ 23ന് രാത്രി ഏഴ് മണിയോടെയാണ് കോഴിക്കോട് ട്രെയിൻ തട്ടിയ ബീഹാർ സ്വദേശിയുടെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറപ്പെട്ടത്.

കോഴിക്കോട് സ്വദേശികളായ ഫഹദ്, രാഹുൽ എന്നിവരാണ് ഡ്രൈവർമാർ. ബീഹാർ സ്വദേശികളായ രണ്ടുപേരും ഇവർക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. ബീഹാർ പൊലീസിനോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സഹായിച്ചില്ലെന്ന് ഡ്രൈവർ ഫഹദ് പറഞ്ഞു. ഇപ്പോൾ ആംബുലൻസും മൃതദേഹവും ബീഹാറിൽ കുടുങ്ങിക്കിടക്കുകയാണ്. ഇനിയും 700 കിലോമീറ്റർ കൂടി സഞ്ചരിക്കാനുണ്ടെന്നും കേരള പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫഹദ് പറഞ്ഞു.