മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നൽകിയത്.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം. എസിന്റെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരായ വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്‍റെ പരാമർശങ്ങൾ സുപ്രീം കോടതിയെ അപകീർത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോർണി ജനറലിന് നൽകിയ ഹർജിയിൽ ആരോപിക്കുന്നു. നവംബർ 18ന് കൊച്ചിയിൽ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ.

അറ്റോർണി ജനറലിന് സമർപ്പിച്ച അപേക്ഷയിൽ മന്ത്രിയുടെ അഭിപ്രായം ശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കാമെന്നും പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാ തത്വങ്ങളും പ്രതിജ്ഞയും പാലിക്കാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്തുവെന്നും അഭിഭാഷകൻ രഞ്ജിത്ത് മാരാർ മുഖേന സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അറ്റോർണി ജനറലിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ ക്രിമിനൽ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്യാൻ കഴിയൂ.