കെടിയു വിസി നിയമനം; സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വിസി നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് ശേഷം വിധി പറയും.

തങ്ങൾ നൽകിയ പട്ടിക തള്ളിക്കളഞ്ഞ് ഡോ.സിസ തോമസിനെ ഇടക്കാല വി.സിയായി ഗവർണർ നിയമിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടെ മതിയായ യോഗ്യതയുള്ളവർ ഇല്ലായിരുന്നെന്നും അതിനാലാണ് സ്വന്തം നിലയിൽ കണ്ടെത്തിയതെന്നുമാണ് ഗവർണറുടെ നിലപാട്.

വി.സി നിയമനത്തെച്ചൊല്ലിയുള്ള സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ അനാവശ്യമായിപ്പോയെന്ന് ഇന്ന് വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.