ആവിക്കൽ സമരപന്തല്‍ പൊളിച്ചുമാറ്റി; സംഭവം അര്‍ജന്റീന-മെക്സിക്കോ മത്സരത്തിനിടെ

കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാൻ്റ് വിരുദ്ധ സമര പന്തൽ ഇന്നലെ രാത്രി പൊളിച്ചു മാറ്റി. പദ്ധതി പ്രദേശത്ത് സമരക്കാർ സ്ഥാപിച്ച പന്തലാണ് പൊളിച്ചുനീക്കിയത്. കോതിയിലെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആവിക്കലിലെ സമര പന്തൽ പൊളിച്ചത്.

ഒരു വർഷം മുമ്പ് ആവിക്കലിൽ സ്ഥാപിച്ച സമര പന്തലാണ് പൊളിച്ചുനീക്കിയത്. ഇന്നലെ രാത്രി പന്തൽ ഇവിടെയുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് പന്തൽ തകർന്ന നിലയിൽ കണ്ടത്.

ഇത്രയും കാലമായി പൊലീസ് കാവൽ നിന്ന പന്തൽ പൊലീസിന്‍റെയും കോർപ്പറേഷന്‍റെയും സഹായമില്ലാതെ പൊളിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇന്നലെ രാത്രി അർജന്‍റീന-മെക്സിക്കോ മത്സരത്തിനിടെ കോർപ്പറേഷന്‍റെ സഹായത്തോടെയാണ് പ്രതിഷേധ പന്തൽ പൊളിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.