ഡിയോർ ഫാഷൻ ഹൗസിന്‍റെ തലപ്പത്ത് ഇനി ബെർണാഡ് അർനോൾട്ടിൻ്റെ മകൾ ഡെൽഫിൻ

സാൻഫ്രാൻസിസ്കോ: ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർനോൾട്ട് തന്‍റെ മകൾ ഡെൽഫിനെ ഡിയോർ ഫാഷൻ ഹൗസിന്‍റെ മേധാവിയായി നിയമിച്ചു. 2018 മുതൽ ഡിയോറിന്‍റെ തലവനായിരുന്ന പിയെട്രോ ബെക്കാരി ലൂയി വിറ്റൺ സിഇഒ മൈക്കൽ ബർക്കിന് പകരം ചുമതലയേൽക്കും. ഫെബ്രുവരി 1 മുതലാണ് ചുമതലകൾ മാറുക.

ഡിയോർ ഫാഷൻ ഹൗസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഡെൽഫിൻ 2013 മുതൽ ലൂയി വിറ്റണിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റാണ്. ക്രിസ്ത്യൻ ഡിയർ കൗച്ചറിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഡെൽഫിൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒന്നാം സ്ഥാനത്തായിരുന്ന എലോൺ മസ്കിന്‍റെ സമ്പത്ത് കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനം ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയിരുന്നു.