നെയ്മറില്ലാതെ ബ്രസീൽ; പോരാട്ടം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ

ദോഹ: നെയ്മറുടെ അഭാവത്തിൽ ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങാൻ ബ്രസീൽ. തിങ്കളാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡിനെയാണ് മഞ്ഞപ്പട നേരിടുന്നത്. വിജയിക്കുന്ന ടീമിന് നോക്കൗട്ടിനുള്ള സാധ്യത കൂടുതലായിരിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ കാമറൂണ്‍ സെർബിയയെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം.

ആദ്യ മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ. സ്ട്രൈക്കര്‍ റിച്ചാലിസന്‍റെ ഇരട്ട ഗോൾ പരിശീലകൻ ടിറ്റെയ്ക്ക് ആത്മവിശ്വാസം നൽകുന്നു. നെയ്മറിന് പകരക്കാരനായി ആരെത്തുമെന്ന് വ്യക്തമല്ല. റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ ടീമിലെത്താനാണ് സാധ്യത.

പരിക്കേറ്റ ഡിഫൻഡർ ഡാനിലോയ്ക്ക് പകരക്കാരനായി ഡാനി ആൽവസ് അല്ലെങ്കിൽ എഡർ മിലിറ്റാവോയോ ടീമിലെത്തും. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ് കാമറൂണിനെ തോൽപ്പിച്ചിരുന്നു. ഗ്രാനിറ്റ് ഷാക്കയും ഷെര്‍ഡാന്‍ ഷാക്കീരിയുമുള്ള മധ്യനിര ശക്തമാണ്. ജയിക്കുന്ന ടീമിന് പ്രീ ക്വാർട്ടർ ഫൈനലിലെത്താനുള്ള സാധ്യത സജീവമാകും. ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ യുറഗ്വായെ നേരിടും. 6.30ന് ദക്ഷിണ കൊറിയ ഘാനയെ നേരിടും.