സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അടൂർ പ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ബെംഗളൂരുവിലേക്ക് വിമാനടിക്കറ്റ് അയച്ച് ക്ഷണിച്ചതിനും അടൂർ പ്രകാശിനെതിരെ ആരോപണമുയർന്നിരുന്നു.

മന്ത്രിയായിരിക്കെ അടൂർ പ്രകാശ് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.

അടൂർ പ്രകാശ് ബെംഗളൂരുവിൽ ഹോട്ടൽ മുറിയെടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രമാദം സ്റ്റേഡിയത്തിലെ ലൈംഗിക പീഡന പരാതിക്കും തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.