സിസിഐ നടപടികൾ തടയണം; സുപ്രീം കോടതിയെ സമീപിച്ച് ഗൂഗിൾ

ന്യൂഡല്‍ഹി: ഇന്ത്യയിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റാൻ കമ്പനിയെ പ്രേരിപ്പിക്കുന്ന കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ 97% സ്മാര്‍ട്ട്ഫോണുകളിലുമുള്ള ആന്‍ഡ്രോയിഡിന്റെ വിപണിയിലെ ആധിപത്യ സ്ഥാനം ചൂഷണം ചെയ്തതിന് ആൽഫബെറ്റ് കമ്പനിക്ക് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 161 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു.

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 1,337 കോടി പിഴയുടെ 10 ശതമാനം അടയ്ക്കാൻ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവിട്ടിരുന്നു. വിധി തടയാനുള്ള അപേക്ഷ ട്രൈബ്യൂണൽ തള്ളിയപ്പോൾ തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് ഗൂഗിൾ സുപ്രീം കോടതിയെ സമീപിച്ചത്. സിസിഐയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് അതിന്‍റെ ദീർഘകാല ബിസിനസ്സ് മോഡലിനെയും ഉപഭോക്തൃ താൽപ്പര്യങ്ങളെയും ബാധിക്കുമെന്ന് കമ്പനി വാദിച്ചു. വാദം കേള്‍ക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ല.

ജനുവരി 19നു കമ്പനിയുടെ ബിസിനസ്സ് മോഡൽ മാറ്റാൻ കമ്പനിയെ നിര്‍ബന്ധിതരാക്കിയ സിസിഐയുടെ വിധി തടയാനുള്ള ഗൂഗിളിന്‍റെ അവസാന പ്രതീക്ഷയാണ്. 2022 ഒക്ടോബറിൽ, ഒന്നിലധികം വിപണികളിൽ ആൻഡ്രോയിഡ് മൊബൈൽ ദുരുപയോഗം ചെയ്തതിനും കോംപറ്റീഷൻ ആക്ടിലെ സെക്ഷൻ 4 ലംഘിച്ചതിനും ആണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്.