കര്‍ഷകർക്കായി 3 ദേശീയതല സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഗ്രാമീണ വളർച്ചയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി മൂന്ന് ദേശീയ തല സഹകരണ സംഘങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രം.

നാഷണൽ എക്സ്പോർട്ട് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ ഓർഗാനിക് പ്രോഡക്ട്സ്, നാഷണൽ ലെവൽ മൾട്ടി സ്റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിങ്ങനെ മൂന്ന് സഹകരണ സംഘങ്ങൾ രൂപീകരിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ജൈവ ഉൽപ്പന്നങ്ങൾ, വിത്തുകൾ തുടങ്ങിയവയുടെ കയറ്റുമതിയെ ഇത് പ്രോത്സാഹിപ്പിക്കും.

ഇത്തരം സഹകരണ സംഘങ്ങളുടെ വരവോടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കേരളത്തിലെ കർഷകർക്കും ഇത് ഏറെ ഉപകാരപ്രദമാകും. പുതിയ നാഷണൽ എക്സ്പോർട്ട് സൊസൈറ്റി എന്ന സഹകരണ സംഘം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇത് ഉയർന്ന കയറ്റുമതിക്ക് വഴിയൊരുക്കും. സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ നല്ലൊരു ശതമാനവും വഹിക്കുന്ന കേരളത്തിലെ സുഗന്ധവ്യഞ്ജന കർഷകരെ ഇത് സഹായിക്കും.