മിണ്ടാതിരിക്കാന്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളല്ല: ശശി തരൂര്‍

കൊച്ചി: പരിപാടികള്‍ക്ക് പോകുമ്പോള്‍ അതാത് ജില്ലയിലെ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് ശശി തരൂര്‍ എം.പി. അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, സ്വകാര്യപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സി. പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ആരോടും സംസാരിക്കാൻ ബുദ്ധിമുട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേരിൽ കണ്ടിട്ടും സംസാരിക്കാത്തതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. ആരോടും അമർഷമില്ലെന്നും ആരോട് സംസാരിക്കാനും ബുദ്ധിമുട്ടില്ലെന്നും ശശി തരൂർ പറഞ്ഞു. തമ്മിൽ സംസാരിക്കാതിരിക്കാൻ കിന്റർഗാർട്ടനിലെ കുട്ടികളല്ലെന്നു പറഞ്ഞ തരൂർ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാത്തത് ആരോഗ്യകാരണങ്ങളാലാണെന്നും വ്യക്തമാക്കി.

വിവാദമായ മലബാർ പര്യടനത്തിനു ശേഷം ശശി തരൂർ, വി.ഡി.സതീശൻ എന്നിവർ കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇന്നു കൊച്ചിയിൽ വേദി പങ്കിടുന്നുണ്ട്. തരൂർ ദേശീയ ചെയർമാനായ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസിന്റെ (എഐപിസി) സംസ്ഥാന കോൺക്ലേവാണു പരിപാടി. കെ.സുധാകരനും വി.ഡി.സതീശനും ചേർന്നാണ് ഉദ്ഘാടനം നിശ്ചയിട്ടുള്ളതെങ്കിലും ആരോഗ്യകാരണങ്ങളാൽ സുധാകരൻ നേരിട്ടു പങ്കെടുക്കില്ലെങ്കിലും ഓൺെലൈനായി സംസാരിക്കുമെന്നാണു സൂചന.