കോവിഡ് മരണനിരക്ക് പുറത്തുവിട്ട് ചൈന; 35 ദിവസത്തിനിടെ മരണം 60,000

ബീജിങ്: ചൈന ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. രോഗത്തെയും മരണനിരക്കിനെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആരോപിച്ചിരുന്നു. മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന ഇപ്പോൾ. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് മരണങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ 59,938 കോവിഡ് മരണങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തതായി നാഷണൽ ഹെൽത്ത് മിഷന് കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോ മേധാവി ജിയാവോ യഹുയി പറഞ്ഞു. 2022 ഡിസംബർ 8 മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതിൽ 5,503 മരണങ്ങൾ വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്ന് ജിയാവോ പറഞ്ഞു. കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 54,435 പേർ കോവിഡ് -19 മൂലം മരിച്ചു.