ക്രിസ്തുമസ് സമ്മാനം; ക്രിസ്റ്റ്യാനോയ്ക്ക് 6 കോടിയുടെ റോൾസ് റോയ്സ് സമ്മാനിച്ച് പങ്കാളി

ക്രിസ്മസ് സമ്മാനമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റോൾസ് റോയ്സ് ഡോൺ സമ്മാനിച്ച് പങ്കാളി ജോർജിന റോഡ്രിഗസ്. ആഢംബര കാർ സമ്മാനിച്ചതിന് തന്‍റെ പങ്കാളിക്ക് നന്ദി പറയാൻ ക്രിസ്റ്റ്യാനോയും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. അപ്രതീക്ഷിതമായി സമ്മാനം നൽകുന്ന വീഡിയോയും ജോർജിന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

റോൾസ് റോയ്സിൻ്റെ ഈ കൺവെർട്ടബിളിന് ഇന്ത്യയിൽ ഏകദേശം 6 കോടി രൂപയാണ് വില. 6.6 ലീറ്റർ, ട്വിൻ ടർബോ ചാർജ്ഡ് വി 12 പെട്രോൾ എൻജിനാണ് ആഡംബര സൗകര്യങ്ങൾ നിറഞ്ഞ വാഹനത്തിന് കരുത്ത് നൽകുന്നത്. ഈ എൻജിൻ പരമാവധി 563 ബിഎച്ച്പി പവറും 820 എൻഎം പീക്ക് ടോർക്കും നൽകുന്നു.

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്ഷനാണു കാറിന്‍റെ ഗിയർബോക്സ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.6 സെക്കൻഡ് മാത്രം മതി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ കാറിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്.