തരൂരിന് കത്ത് നൽകാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ല: തിരുവഞ്ചൂർ

തിരുവനന്തപുരം: ശശി തരൂരിന് കത്ത് നൽകാൻ കെ.പി.സി.സി പ്രസിഡന്‍റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്ന് സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചടക്ക സമിതിയുടെ പേരിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. അത്തരമൊരു ശുപാർശ ചെയ്യേണ്ട ആവശ്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ അച്ചടക്ക സമിതിക്ക് മുമ്പാകെ ഒരു പരാതിയുമില്ല.

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമുള്ള പൊതുവായ നിർദ്ദേശം നൽകാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പൊതു നിർദേശം നൽകുന്നത്. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സമിതിക്ക് പരാതി നൽകുമെന്ന് എം.കെ രാഘവൻ അറിയിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.