കോവിഡ് 19; കർശന നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന

ബീജിങ്: കൊവിഡ്-19 പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ചയാണ് ചൈന കര, വ്യോമ, ജലപാതകൾ പൂർണ്ണമായും തുറന്നത്. ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധമായിരുന്ന ക്വാറന്‍റൈനും പിൻവലിച്ചിട്ടുണ്ട്. ഇതോടെ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയ കർശന ‘സീറോ കൊവിഡ് നയം’ അവസാനിച്ചു. നിയന്ത്രണങ്ങൾ നീക്കി വീണ്ടും തുറക്കാൻ ഇതിനേക്കാൾ മികച്ച സമയമില്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്.

വാക്സിനേഷനും പ്രതിരോധശേഷിയും കണക്കിലെടുത്താണ് തുറക്കാൻ തീരുമാനിച്ചതെന്ന് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള കൊവിഡ് -19 വിദഗ്ധ സമിതിയുടെ തലവൻ ലിയാങ് വാനിയാൻ പറഞ്ഞു. ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് മുതിർന്ന പൗരൻമാരെ പ്രതികൂലമായി ബാധിക്കുകയും രോഗാവസ്ഥയും മരണനിരക്കും വർദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും മറ്റ് പല സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, തുറക്കാനുള്ള ഏറ്റവും മികച്ച സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശൈത്യകാലത്ത് രാജ്യം വീണ്ടും തുറക്കുക എന്നതാണ് വേനൽക്കാലത്ത് തുറക്കാതിരിക്കുന്നതിനെക്കാൾ മികച്ച തീരുമാനം. കാരണം കഴിഞ്ഞ വേനൽക്കാലത്ത് വാക്സിനിൽ നിന്നും ലഭിച്ച സംരക്ഷണം പര്യാപ്തമായിരുന്നില്ല, പക്ഷേ തുറക്കാൻ അടുത്ത വേനൽക്കാലം വരുന്നത് വരെ കാത്തിരുന്നാൽ, രോഗപ്രതിരോധ ശേഷി വീണ്ടും കുറയുമെന്നും ലിയാങ് പറഞ്ഞു.