കൊവിഡ് പ്രതിരോധം; ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡൽഹി: ചൈനയിൽ വ്യാപിക്കുന്ന കൊവിഡ് -19 ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജാഗ്രത പുലർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്ക് ധരിക്കണമെന്നും രാജ്യത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിക്കണമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തണം. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ പ്ലാന്റ്, വെന്‍റിലേറ്ററുകൾ തുടങ്ങിയവ ഉറപ്പാക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. അതേസമയം, മാസ്ക് ധരിക്കുന്നത് കർശനമാക്കാൻ തീരുമാനമായിട്ടില്ല.

നഴ്സുമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കണം. പ്രായമായവരോടും മോശം ആരോഗ്യസ്ഥിതിയുള്ളവരോടും മുൻകരുതൽ വാക്സിൻ സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയിൽ നാല് പേർക്ക് ചൈനയിൽ വ്യാപിക്കുന്ന കൊവിഡ് -19 വകഭേദമായ ബിഎഫ് 7 സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചുചേർത്തത്.