കൊവിഡ് കണക്കുകൾ കൃത്യമായി പുറത്തുവിടുന്നില്ല; ചൈനയ്ക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. കൃത്യമായ രോഗ-മരണനിരക്ക് ചൈന പങ്കിടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വിമർശിച്ചിരുന്നു. ഇപ്പോൾ, കണക്കുകൾ കൃത്യമായി പുറത്ത് വിടാത്തതിന് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഡബ്ല്യുഎച്ച്ഒ രംഗത്തെത്തിയിരിക്കുകയാണ്.

ചൈനയിൽ നിന്നുള്ള മരണനിരക്ക് കൃത്യമായി പുറത്ത് വരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ഇപ്പോഴും കരുതുന്നുവെന്ന് എമർജൻസി വിഭാഗം ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഈ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, കൊവിഡ് കണക്കുകൾ കൃത്യമായി പങ്കുവച്ചതിന് ലോകാരോഗ്യ സംഘടന അമേരിക്കയെ പ്രശംസിച്ചു. പുതിയ വകഭേദമായ എക്സ്ബിബി.1.5 അതിവേഗം പടരുന്ന അമേരിക്കയിൽ നിന്നുള്ള കണക്കുകൾ പൂർണ്ണമായും സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.