ചൈനയില്‍ കൊവിഡ് അതീവ ഗുരുതരം; പ്രതിദിനം ബാധിക്കുന്നത് പത്ത് ലക്ഷം പേരെയെന്ന് റിപ്പോർട്ട്

ബീജിങ്: ചൈനയിലെ കൊവിഡ് തരംഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ദിവസവും 10 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും 5,000 ത്തോളം ആളുകൾ മരിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഔദ്യോഗിക കണക്കുകൾ പ്രകാരം ബുധനാഴ്ച 2,966 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ മുഴുവൻ ജനങ്ങളെയും കൊവിഡ് സാരമായി ബാധിച്ചതായാണ് സൂചന. നിലവിലെ കൊവിഡ് തരംഗം തുടരുകയാണെങ്കിൽ ജനുവരിയോടെ പ്രതിദിന രോഗികളുടെ എണ്ണം 3.7 ദശലക്ഷം ആകുമെന്ന് എയർഫിനിറ്റി ലിമിറ്റഡ് (ആരോഗ്യ കാര്യങ്ങൾ പ്രവചിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം) പറയുന്നു. വ്യാപനം തുടരുകയാണെങ്കിൽ, മാർച്ചോടെ പ്രതിദിന കേസുകൾ 4.2 ദശലക്ഷത്തിലെത്തും.

ഡിസംബർ ആദ്യം മുതൽ പത്തിൽ താഴെ കൊവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ആശുപത്രികളിലെ രോഗികളുടെ തിരക്കും ശ്മശാനങ്ങളിലെ തിരക്കും സർക്കാർ കണക്കുകളുടെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.