ടോക്ക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് നിരക്ക് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും, പുതിയ വകഭേദങ്ങളാണ് നിലവിലെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണമാകുന്നത്. ജപ്പാനിലെ സ്ഥിതിഗതികൾ ഇപ്പോൾ കൂടുതൽ ഗുരുതരമാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ജനുവരി പകുതിയോടെ ജപ്പാനിലെ കോവിഡ് കേസുകൾ മുൻ റെക്കോഡിനെ മറികടക്കുമെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു.
നിലവിലെ കോവിഡ് നിരക്ക് വീണ്ടും ഉയരുമെന്നും ജാപ്പനീസ് സർക്കാർ മുമ്പ് കണക്കാക്കിയ 450,000 എന്ന നിരക്കിലേക്ക് എത്തുമെന്നും ആരോഗ്യ വിദഗ്ധൻ ടറ്റെഡാ കസുഹിറോ പറഞ്ഞു. ടോഹോ സർവകലാശാലയിലെ പ്രൊഫസറും സർക്കാരിന്റെ കൊറോണ വൈറസ് ഉപദേശക സമിതി അംഗവുമാണ് അദ്ദേഹം.
രോഗവ്യാപനം തടഞ്ഞില്ലെങ്കിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയരുമെന്നും മരണനിരക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19ന് പുറമേ സീസണൽ ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങളും രാജ്യത്ത് വ്യാപകമാകാൻ സാധ്യതയുണ്ടെന്ന് കസുഹിറോ പറയുന്നു.