സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു; നിർദ്ദേശങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: 60 വയസിന് മുകളിൽ പ്രായമുള്ളവർ, അനുബന്ധ രോഗമുള്ളവർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർ അടിയന്തരമായി വാക്സിന്‍റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദ്ദേശിച്ചു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേരാണ് ഐസിയുവിലുള്ളത്.

ആവശ്യത്തിന് ഓക്സിജൻ ഉൽപ്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യാനുസരണം മരുന്നുകൾ, മാസ്കുകൾ, പിപിഇ കിറ്റുകൾ എന്നിവ ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദേശം നൽകി. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് നിരീക്ഷണ സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഐഇസി ബോധവൽക്കരണ കാമ്പയിൻ ഊർജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആൾക്കൂട്ടം, എസി മുറികൾ, പൊതുസ്ഥലങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ പശ്ചാത്തലം അനുസരിച്ച് മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിനു വലിയ വ്യാപനശേഷിയുള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.