കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് -19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ, അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കാനും കോവിഡ് -19 വാക്സിന്‍റെ ബൂസ്റ്റർ ഡോസ് എടുക്കാനും ഐഎംഎ നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, വിവാഹങ്ങൾ, രാഷ്ട്രീയ, സാമൂഹിക ഒത്തുചേരലുകൾ തുടങ്ങിയവ ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ 145 പുതിയ കോവിഡ് -19 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ നാല് കേസുകൾ പുതിയ കോവിഡ് വകഭേദമായ ബിഎഫ് 7 ആണ്. യുഎസ്എ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5.37 ലക്ഷം പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഐഎംഎ അറിയിച്ചു.