യു.എസില്‍ തീവ്രവ്യാപനത്തിന് കാരണമായ കോവിഡ് വകഭേദം ഇന്ത്യയിലും കൂടുന്നു

ന്യൂഡൽഹി: യുഎസിൽ അതി തീവ്രവ്യാപനത്തിന് കാരണമായ എക്സ്ബിബി.1.5 വേരിയന്‍റ് ഇന്ത്യയിലും വർദ്ധിക്കുന്നു. നിലവിൽ 26 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കണ്‍സോർഷ്യം) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇൻസാകോഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ കോവിഡ് -19 കേസുകളിൽ 44 ശതമാനവും എക്സ്ബിബി.1.5 കാരണമാണ്. ചൈനയിൽ വ്യാപനത്തിനു കാരണമായ ബിഎഫ്.7 വകഭേദം രാജ്യത്ത് 14 ആയി ഉയർന്നു. പശ്ചിമ ബംഗാളിൽ നാല്, മഹാരാഷ്ട്രയിൽ മൂന്ന്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ രണ്ട് വീതവും ഒഡീഷ, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ഓരോ ബിഎഫ് -7 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒമിക്രോണിൻ്റെ തന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള എക്‌സ്.ബി.ബി. വകഭേദത്തിൻ്റെ ഉപവകഭേദമാണ് എക്‌സ്.ബി.ബി.-1.5. കോവിഡ് വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള ഇത് ഓഗസ്റ്റിൽ സിംഗപ്പൂരിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, ക്ഷീണം, തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.