കുഴിമന്തി കഴിച്ച് മരണം; അല്‍ റൊമന്‍സിയ ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി

കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനെ തുടർന്ന് അൽ റൊമൻസിയ ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകൾ വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നടപടി. അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചാണ് മരണമെന്നാണ് കുടുംബം പറയുന്നത്.

യുവതിയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായ അണുബാധ മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി.
അസ്വാഭാവിക മരണത്തിന് മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. 31ന് ഹോട്ടലിൽ നിന്ന് ചിക്കൻ മന്തി, ചിക്കൻ 65,മയോണൈസ്, സാലഡ് എന്നിവ ഓർഡർ നൽകിയിരുന്നു.

പിറ്റേന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ജുശ്രീയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇന്നലെ രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.