5ജി സാങ്കേതികവിദ്യകളിൽ സംസ്ഥാനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് ടെലികോം വകുപ്പ്

ഡല്‍ഹി: ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങൾ 5 ജിയുമായി ബന്ധപ്പെട്ട നൈപുണ്യ വികസനത്തിലും അനുബന്ധ സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ടെലികോം സെക്രട്ടറി കെ രാജാരാമൻ. നിലവിൽ ഈ മേഖലയിൽ 1.4 ലക്ഷം തൊഴിലാളികളുടെ കുറവുണ്ട്.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. അതിനാൽ, കൂടുതൽ വിദഗ്ദ്ധരായ ആളുകൾ ആവശ്യമാണ്. ഡൽഹി ആസ്ഥാനമായുള്ള ടെലികോം സെക്ടർ സ്കിൽ കൗൺസിലിന്‍റെ (ടിഎസ്എസ്സി) കണക്കനുസരിച്ച്, 2025 ഓടെ രണ്ട് കോടിയിലധികം വിദഗ്ധർ ആവശ്യമാണ്.

ടി.എസ്.എസ്.സി ഈ മേഖലയുമായി ബന്ധപ്പെട്ട 58 കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബിരുദ വിദ്യാർത്ഥികൾക്കായി 5 ജി അധിഷ്ഠിത ഓപ്ഷണൽ കോഴ്സും എഐസിടിഇ വാഗ്ദാനം ചെയ്യുന്നു. പോളിടെക്നിക്കുകളിലും ഐടിഐകളിലും നടത്തുന്ന ചില കോഴ്സുകൾ 5ജിക്ക് അനുസൃതമായി പുനഃക്രമീകരിക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) നൈപുണ്യ വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ച് എല്ലാ സംസ്ഥാന സർക്കാരുകളും ബോധവാൻമാരാകണമെന്നും അദ്ദേഹം പറഞ്ഞു.