ഒടിടിയിൽ നേട്ടം കൊയ്ത് ദുൽഖർ സൽമാൻ ചിത്രം ‘ഛുപ്’

ദുൽഖർ സൽമാനും സണ്ണി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഛുപ്’. ദുൽഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമെന്ന വിശേഷണവും ഛുപ്പിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. നിരൂപക പ്രശംസ നേടിയ ചിത്രം നവംബർ 25ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. സീ ഫൈവിലൂടെ ആയിരുന്നു സ്ട്രീമിം​ഗ്. ഇപ്പോഴിതാ സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രം ഒടിടിയിലും നേട്ടം കൊയ്ത വിവരമാണ് പുറത്തു വരുന്നത്.

സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 30 ദശലക്ഷത്തിലധികം ആളുകൾ ഛുപ് കണ്ടു. ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “പ്രേക്ഷകർ അഭിനന്ദിക്കുന്ന ഒരു സിനിമ എല്ലാ നാഴികക്കല്ലുകളും മറികടക്കും,” ദുൽഖർ കുറിച്ചു. 

സെപ്റ്റംബർ 23നാണ് ‘ഛുപ്’ റിലീസ് ചെയ്തത്. ആർ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്.