ഒരു തുള്ളി മദ്യം പോലും അപകടം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യ സംഘടന. മദ്യത്തിന്‍റെ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് ക്യാൻസർ സാധ്യതയും വർദ്ധിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. യൂറോപ്പിലെ അമിത മദ്യപാനം കാരണം 200 ദശലക്ഷം ആളുകൾ ക്യാൻസർ അപകട സാധ്യതാ പട്ടികയിലാണെന്ന് സംഘടന അറിയിച്ചു.

കുറഞ്ഞതോ മിതമായതോ ആയ മദ്യത്തിന്‍റെ ഉപയോഗം പോലും യൂറോപ്യൻ മേഖലയിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഴ്ചയിൽ 1.5 ലിറ്ററിൽ കുറവ് വൈൻ, 3.5 ലിറ്ററിൽ കുറവ് ബിയർ അല്ലെങ്കിൽ 450 മില്ലിലിറ്ററിൽ കുറവോ പോലും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

മദ്യപാനം വൻകുടൽ ക്യാൻസർ, സ്തനാർബുദം എന്നിവയുൾപ്പെടെ ഏഴ് ക്യാൻസറുകൾക്ക് കാരണമാകുന്നു. എഥനോൾ ശരീരത്തിലെത്തുമ്പോൾ, പല പ്രവർത്തനങ്ങളും തടസ്സപ്പെടുകയും അതുവഴി ക്യാൻസറിന് കാരണമാവുകയും ചെയ്യുന്നു. മദ്യം അടങ്ങിയ ഏത് പാനീയവും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.