ഭക്ഷ്യ വിഷബാധ; സാമ്പിൾ പരിശോധന വിപുലമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോഴിക്കോട്: ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനം കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2006ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർമാർക്കും ഈ അധികാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ കടകളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും സാമ്പിളുകൾ എടുക്കുന്നത് നിയമപരമായി അനുവദനീയമല്ല.

നിയമപ്രകാരം ഒരു നിയോജകമണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷാ ഓഫീസർ മാത്രമേ ഉള്ളൂ. സാമ്പിളുകൾ ശേഖരിച്ച് റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ അടിയന്തിര സാഹചര്യങ്ങളിൽ പോലീസും സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെങ്കിലും ഇത് ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ പരിധിയിൽ വരില്ല.

സാമ്പിളുകൾ പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാരെയും അനുവദിച്ചാൽ പരിശോധന കൂടുതൽ കാര്യക്ഷമമായി നടക്കുമെന്നാണ് വിലയിരുത്തൽ.