രാജ്യത്താദ്യമായി എംജിഎസ് ഗ്രീന്‍ ടാക്സി സേവനമാരംഭിച്ചു

സംസ്ഥാനത്തെ ഏറ്റവും വലിയ ട്രാവൽ ഓപ്പറേറ്റർ കമ്പനികളിലൊന്നായ എംജിഎസ് രാജ്യത്ത് ആദ്യമായി ഗ്രീൻ ടാക്സികളുടെ സേവനം ആരംഭിച്ചു. ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റ എക്സ്പ്രസ്-ടിയുടെ പത്ത് ഇലക്ട്രിക് കാറുകൾ എംജിഎസിന്‍റെ ഫ്ലീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോ.ശശി തരൂർ എം.പി ആദ്യ സവാരി നടത്തി ഗ്രീൻ ടാക്സി ഉദ്ഘാടനം ചെയ്തു.

നിലവിൽ 400 ലധികം വാഹനങ്ങളുമായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ, ഐടി പാര്‍ക്കുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംജിഎസ് ഒരു വർഷത്തിനുള്ളിൽ 100 ഗ്രീൻ ടാക്സികൾ കൂടി ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടർ എം എസ് അനിൽ കുമാർ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നത് പുതിയ യുഗത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗവും മലിനീകരണവും പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് സീനിയർ മാനേജർ ഇവി സൗത്ത് വൈങ്കടേഷ് എൻ പറഞ്ഞു. ഇത് കണക്കിലെടുത്ത് പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയിൽ ഓടുന്ന രാജ്യത്തെ എല്ലാ ടാക്സികളും ഘട്ടം ഘട്ടമായി ഇലക്ട്രിക്കിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.