കോഴ്സുകൾ വാങ്ങാൻ നിർബന്ധിക്കുന്നു, ഭീഷണി; ബൈജൂസിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് പരാതി

രാജ്യത്തെ വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസിനെതിരെ ബാലാവകാശ സംരക്ഷണ കമ്മീഷന് (എൻസിപിസിആർ) പരാതി. കുട്ടികളുടെ ഫോൺ നമ്പറുകൾ വാങ്ങുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു, കോഴ്സുകൾ വാങ്ങാൻ നിർബന്ധിക്കുന്നു എന്നിവയാണ് പരാതികൾ. ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുൻഗോ പറഞ്ഞു. ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനോട് വെള്ളിയാഴ്ച നേരിട്ട് വന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

“കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങുകയും അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മനസ്സിലാക്കുന്നു. ആദ്യ തലമുറ പഠിതാക്കളെയാണ് അവർ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടിയെടുക്കുമെന്നും ആവശ്യമെങ്കിൽ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും കനുൻഗോ പറഞ്ഞു. വിപണിയിലെ ബൈജൂസിന്റെ പ്രവർത്തനങ്ങളിൽ ഉപഭോക്തൃകാര്യ വകുപ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

കോവിഡിന് മുമ്പ് തന്നെ ഇന്ത്യയിൽ അതിവേഗം വളരുന്ന കമ്പനിയാണ് ബൈജൂസ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന കോഴ്സുകൾ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, ബൈജൂസ് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടം 4,588 കോടി രൂപയായി ഉയർന്നിരുന്നു. മുൻ വർഷത്തേക്കാൾ 19 മടങ്ങ് അധികമാണ് നഷ്ടം. ഇതിന് പിന്നാലെ 5 % ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടി രൂപയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.