കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്: നെയ്മര്‍

കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകകപ്പിൽ വീണ്ടും പരിക്കേൽക്കുന്നത് വേദനാജനകമാണെന്നും ബ്രസീൽ താരം നെയ്മർ. അതിരുകളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്‍റെ വിശ്വാസം അനന്തമാണെന്നും നെയ്മർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ബ്രസീലിന്‍റെ അടുത്ത രണ്ട് മത്സരങ്ങളിൽ നെയ്മറിന് കളിക്കാൻ സാധിക്കില്ല.

“ഈ കുപ്പായം (ബ്രസീൽ ജേഴ്സി) ധരിക്കുമ്പോൾ ഞാന്‍ അനുഭവിക്കുന്ന അഭിമാനവും സ്നേഹവും വിവരണാതീതമാണ്. ഏതെങ്കിലും രാജ്യത്ത് വീണ്ടും ജനിക്കാൻ ദൈവം അവസരം നൽകുകയാണെങ്കിൽ, അത് ബ്രസീൽ ആയിരിക്കും. എന്‍റെ ജീവിതത്തിൽ ഒന്നും ഔദാര്യത്തിൽ നിന്നോ എളുപ്പത്തിലോ ലഭിച്ചിട്ടില്ല. എന്‍റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാൻ ഞാൻ നിരന്തരം പരിശ്രമിച്ചു. ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ഞാൻ ആവശ്യക്കാരെ സഹായിക്കുക മാത്രമാണ് ചെയ്തത്. എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ചില ദിവസങ്ങളിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്”, അദ്ദേഹം കുറിച്ചു.