കോ​മ്പ​റ്റീ​ഷ​ൻ കമ്മീഷൻ ഓ​ഫ് ഇ​ന്ത്യ ചുമത്തിയ പിഴയുടെ 10% ഗൂഗിൾ കെട്ടിവെക്കണം

ന്യൂ​ഡ​ൽ​ഹി: 1337.76 കോടി രൂപ പിഴയീടാക്കിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്‍റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗീകരിച്ചില്ല. പിഴ തുകയുടെ 10 ശതമാനം കെട്ടിവയ്ക്കാൻ ട്രിബ്യൂണൽ ഗൂഗിളിന് നിർദ്ദേശം നൽകി.

സി.​സി.​ഐ വി​ധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഗൂഗിളിന് വേണ്ടി ഹാജരായ മനു അഭിഷേക് സി​ങ്‍വി ആവശ്യപ്പെട്ടെങ്കിലും ട്രിബ്യൂണൽ അംഗീകരിച്ചില്ല. മറ്റ് കക്ഷികളുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കാമെന്നും വിധി ന്യായത്തിൽ പറയുന്നു. അടുത്ത വാദം ഫെബ്രുവരി 13ന് നടക്കും. അതിനുമുമ്പ് നിശ്ചയിച്ച തുകയുടെ 10% ഗൂഗിൾ നൽകണം.

ഏപ്രിൽ മൂന്നിനാണ് അന്തിമ വാദം കേൾക്കൽ . പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വിപണി ആധിപത്യം ദുരുപയോഗം ചെയ്തതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തി. ഗൂഗിൾ അതിന്‍റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി കോംപറ്റീഷൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിക്കാൻ സമ്മർദ്ദം ചെലുത്തുകയും സമാന്തര ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുകയും ചെയ്തതിന് യൂറോപ്യൻ യൂണിയൻ നേരത്തെ ഗൂഗിളിന് 31,000 കോടി രൂപ പിഴ ചുമത്തിയിരുന്നു.