റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ 11% ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്‍റെ (ഐആർഎഫ്സി) 11 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കോർപ്പറേഷനിൽ റെയിൽവേ മന്ത്രാലയത്തിന്‍റെ ഓഹരി പങ്കാളിത്തം 75 ശതമാനമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഐആര്‍എഫ്‌സിയുടെ 86.36 ശതമാനം ഓഹരികളാണ് മന്ത്രാലയത്തിന് കീഴിലുള്ളത്.

2021 ജനുവരി 29ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത ഐആര്‍എഫ്‌സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്. 2023-24 സാമ്പത്തിക വര്‍ഷമായിരിക്കും ഐആര്‍എഫ്‌സിയിലെ ഓഹരി വില്‍പ്പന. നിലവിലെ വിപണി മൂല്യമനുസരിച്ച് ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രത്തിന് 5,118 കോടിയോളം രൂപ സമാഹരിക്കാൻ കഴിയും. എന്നിരുന്നാലും, ഓഹരി വിൽപ്പന ഏത് രീതിയിലാണ് നടക്കുന്നതെന്ന് വ്യക്തമല്ല.

കഴിഞ്ഞയാഴ്ച ഐആർസിടിസിയുടെ 5 ശതമാനം ഓഹരികൾ കേന്ദ്രം ഓഫർ ഫോർ സെയിലിലൂടെ വിറ്റിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷന്‍റെ വരുമാനം 20,302 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ 6,090 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. 2022 മാർച്ചിലെ കണക്കനുസരിച്ച് 415,238 കോടി രൂപയുടെ ആസ്തിയാണ് (എയുഎം) കോർപ്പറേഷൻ കൈകാര്യം ചെയ്തത്.