ജിഎസ്ടി; ഉദ്യോഗസ്ഥരെ തടയുന്നതും തെളിവ് നശിപ്പിക്കുന്നതും ഇനി മുതൽ ക്രിമിനല്‍ കുറ്റമല്ല

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കുന്നതടക്കം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാര്‍ശ ചെയ്ത് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതും വിവരങ്ങൾ നൽകാതിരിക്കുന്നതും ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റാന്‍ ശുപാർശ ചെയ്തതായി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര പറഞ്ഞു.

ജി.എസ്.ടി നിയമങ്ങൾ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനുള്ള കുറ്റകൃത്യങ്ങളുടെ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടി രൂപയായി ഉയർത്തി. എന്നിരുന്നാലും, വ്യാജ ഇന്‍വോയ്‌സ് തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് ബാധകമല്ല. പയറുവർഗങ്ങളുടെ തൊലി, കത്തി എന്നിവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനം ആയിരുന്നത് പൂർണമായും ഒഴിവാക്കി.

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിദേശനാണ്യം ലാഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. 15 അജണ്ടകളാണ് യോഗത്തിന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നതെന്നും അതിൽ എട്ടെണ്ണം തീരുമാനമായെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാക്കിയുള്ളവ അടുത്ത യോഗത്തിൽ പരിഗണിക്കും. അടുത്ത യോഗം ജൂണിൽ ചണ്ഡീഗഡിൽ നടക്കും.