വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല; മസ്കിനെതിരെ മുൻ ജീവനക്കാർ

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് കമ്പനിയുടെ 70 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വലിയ വിവാദത്തിന് തിരികൊളുത്തിയ ഈ നീക്കത്തിന് പിന്നാലെ മസ്ക് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുൻ ജീവനക്കാർ രംഗത്തെത്തിയിരിക്കുകയാണ്.

പിരിച്ചുവിട്ട ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം മസ്ക് വാഗ്ദാനം ചെയ്തിരുന്നു. പിരിച്ചുവിട്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് നഷ്ടപരിഹാരമായി അനുവദിച്ച തുക അവരിൽ ചിലർക്കെങ്കിലും ലഭിച്ചത്. എന്നാൽ, മസ്ക് വാഗ്ദാനം ചെയ്ത മൂന്ന് മാസത്തെ ശമ്പളത്തിന് പകരം, ഒരു മാസത്തെ ശമ്പളം മാത്രമാണ് തങ്ങൾക്ക് നൽകിയതെന്ന് ജീവനക്കാർ ആരോപിച്ചു.

ഇതു സംബന്ധിച്ച ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. അതേസമയം, ജീവനക്കാർക്ക് അവരുടെ പ്രോറേറ്റഡ് പെർഫോമൻസ് ബോണസും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.