മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധന; വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ്

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആരോഗ്യവകുപ്പിൻ്റെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. മാനന്തവാടി നഗരസഭയിലെ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. പഴകിയ ചിക്കൻ ഫ്രൈ, മീൻകറി, ദോശ, കാലഹരണപ്പെട്ട ശീതളപാനീയങ്ങൾ എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി.

അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട് . കഴിഞ്ഞ ദിവസം പൊലീസും മുനിസിപ്പൽ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്ന് 40 ലധികം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽക്കുന്നതായി കണ്ടെത്തിയിരുന്നു.