ഇന്ത്യയിൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിൽ വർധന

ന്യൂഡല്‍ഹി: രാജ്യത്തെ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം 2022 ഡിസംബറിൽ 15.03 ശതമാനം വർദ്ധിച്ച് 98,443 ദശലക്ഷം യൂണിറ്റായി ഉയർന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 85,579 ദശലക്ഷം യൂണിറ്റായിരുന്നു. 2022 നവംബറിലെ 1,18,029 ദശലക്ഷം യൂണിറ്റിൽ നിന്ന് ഡിസംബറിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനം 1,28,536 ദശലക്ഷം യൂണിറ്റായി ഉയർന്നു. 8.90 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

വിലകുറഞ്ഞ പ്രകൃതി വിഭവവും, ഇന്ത്യയിലെ സമൃദ്ധമായ ലഭ്യതയും കാരണം രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്‍റെ ഭൂരിഭാഗവും കൽക്കരി ഉപയോഗിച്ചാണ്. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിലേക്ക് രാജ്യം മാറാൻ ശ്രമിക്കുമ്പോൾ കൽക്കരി ഇന്ത്യയുടെ പ്രധാന ഊർജ്ജസ്രോതസ്സായി തുടരും. നിലവിൽ രാജ്യത്തെ മൊത്തം വൈദ്യുതി ഉത്പാദനത്തിന്‍റെ 76.59 ശതമാനവും കൽക്കരി അധിഷ്ഠിതമാണ്.

ആഭ്യന്തര കൽക്കരി ഉപയോഗം 2021-2022 ൽ 678 ദശലക്ഷം ടണ്ണിൽ നിന്ന് 2031-32 ഓടെ 1,018.2 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷ. ഗതാഗത ചെലവ് നിർണ്ണയിക്കുന്നതിലും അതുവഴി അന്തിമ ഉത്പ്പന്നത്തിന്‍റെ വില നിർണ്ണയിക്കുന്നതിലും ഇതിന് വലിയ പങ്കുണ്ട്.