ഭക്ഷണത്തിൽ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമമുണ്ടായെന്ന സരിതയുടെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ പല തവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്ന് പരാതിയിൽ പറയുന്നു. നാല് മാസത്തെ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

രാസവസ്തു കഴിച്ചതിനെ തുടർന്ന് സരിതയ്ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടുകയും ഇടതുകണ്ണിലെ കാഴ്ച കുറയുകയും ചെയ്തു. ഇടത് കാലും ദുർബലമായിരുന്നു. താൻ ഇപ്പോൾ ചികിത്സയിലാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

പരാതിക്കാരിയുടെ മരണത്തിലേക്ക് നയിച്ചേക്കാവുന്ന രാസവസ്തുക്കൾ നൽകി. ഐപിസി സെക്ഷൻ 307 (വധശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിത ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗം ബാധിച്ച് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നും സരിത പറഞ്ഞു.