തമിഴ്നാട്ടിൽ 60,000 പേർക്കുള്ള ഭീമൻഹോസ്റ്റൽ നിർമിച്ച് ഐഫോൺ നിർമാതാക്കൾ

തമിഴ്‌നാട്: ആപ്പിളിന്‍റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്സ്കോൺ ഇന്ത്യയിൽ രണ്ട് വലിയ ഹോസ്റ്റലുകൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപം 60,000 തൊഴിലാളികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രണ്ട് ഭീമൻ ഹോസ്റ്റലുകൾ നിർമ്മിക്കുന്നുണ്ടെനാണു ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

20 ഏക്കർ സ്ഥലത്ത് വലിയ ഹോസ്റ്റൽ ബ്ലോക്കുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ ഉപകരണങ്ങളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോർട്ടിലുണ്ട്‌. തായ്‌വാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്കോണിന്‍റെ ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയിൽ നിലവിൽ 15,000 ജീവനക്കാരുണ്ട്. അടുത്ത 18 മാസത്തിനുള്ളിൽ ഈ യൂണിറ്റുകളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 70,000 കടക്കുമെന്നാണ് സൂചന.

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിച്ചുയരുന്നതിനിടെയാണ് ഫോക്സ്കോണിന്‍റെ പുതിയ നീക്കം. ചൈനയെ മാത്രം ആശ്രയിക്കാതെ ആഗോള വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണവും ഈ നീക്കത്തിന് പിന്നിലുണ്ട്. ചൈനയിലെ ഫോക്സ്കോൺ പ്ലാന്‍റിലെ തൊഴിലാളി പ്രതിഷേധം, ചൈനയുടെ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കലാപങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമാകുന്ന സാഹചര്യം എന്നിവയെല്ലാം ആപ്പിളിനെ മറ്റ് ഏഷ്യൻ രാജ്യങ്ങളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുകയിരുന്നു.