യോഗ ബാറിന്‍റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനൊരുങ്ങി ഐടിസി

യോഗ ബാർ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിൽ ഹെൽത്ത് ഫുഡ് ബ്രാൻഡായ യോഗ ബാറിന്‍റെ മാതൃ കമ്പനിയായ സ്പ്രോട്ട് ലൈഫ് ഫുഡ്സ് ഏറ്റെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഐടിസി. 2025 മാർച്ച് 31 നകം 80 കോടി രൂപയ്ക്ക് 47.5 ശതമാനം ഓഹരി ഐടിസി ഏറ്റെടുക്കും. ശേഷിക്കുന്ന ഓഹരികൾ മറ്റ് നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുക്കും. പോഷകാഹാര ബാറുകള്‍, മ്യൂസ്ലി, ഓട്സ്, ധാന്യങ്ങള്‍ എന്നിവ ഉൾപ്പെടുന്ന ഒരു ഉൽപ്പന്ന നിരയാണ് യോഗ ബാറിന് നിലവിലുള്ളത്.

നിലവിൽ ആശിർവാദ് മൾട്ടി ഗ്രെയിൻ ആട്ട, ആശിർവാദ് നേച്ചേഴ്സ് സൂപ്പർഫുഡ്സ്, ഫാംലൈറ്റ് റേഞ്ച് ബിസ്കറ്റ്, സൺഫീസ്റ്റ് പ്രോട്ടീൻ ഷെയ്ക്ക്, ബി നാച്ചുറൽ റേഞ്ച് എന്നിവ ഉൾപ്പെടുന്ന പ്രത്യേക വിഭാഗം വിപുലീകരിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. ഐടിസിയുടെ വിൽപ്പന, വിതരണം, ഉൽപ്പന്ന വികസനം എന്നിവയിലൂടെ യോഗ ബാർ അതിവേഗം വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഐടിസി ചെയർമാൻ സഞ്ജീവ് പുരി പറഞ്ഞു.

ആരോഗ്യ, ക്ഷേമ മേഖലയിലെ ഭക്ഷ്യ കമ്പനികൾ ഇന്ത്യയിൽ അതിവേഗം വളരുന്ന ഒന്നായതുകൊണ്ടാണ് പല എഫ്എംസിജി കമ്പനികളും ഇന്ന് ഇത്തരം കമ്പനികളെ ആശ്രയിക്കുന്നത്. ഒസിവ ബ്രാൻഡിന്‍റെ ഉടമസ്ഥതയിലുള്ള വെൽനസ് കമ്പനിയായ സൈവി വെഞ്ച്വേഴ്സിലെ 51 ശതമാനം ഓഹരി 264.28 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂർത്തിയായതായി ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ന്യൂട്രീഷ്യനാലാബ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 19.8 ശതമാനം ഓഹരി 70 കോടി രൂപയ്ക്ക് ഏച്ച്.യൂ.എൽ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു.