കെൽട്രോൺ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്‍റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

കമ്മീഷൻ ഏജൻസിയായി കെൽട്രോൺ അധഃപതിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെങ്കിലും കെൽട്രോണിന്‍റെ നില സാവധാനം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പഴയ പ്രതാപത്തിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 2024 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയായി കെൽട്രോൺ മാറുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കെൽട്രോൺ അഭിവൃദ്ധിപ്പെടുമെന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും സമയബന്ധിതമായി പണി പൂർത്തിയാക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്ന കാര്യം മറക്കരുത്. ശ്രവണ സഹായികൾ ഉൾപ്പെടെയുള്ള പുതിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും കൂടുതൽ പുതിയ മേഖലകളിലേക്ക് കെൽട്രോൺ വ്യാപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.