സാമൂഹിക പുരോഗതിയില്‍ നേട്ടവുമായി കേരളം; കേന്ദ്ര സൂചികയില്‍ ഒന്‍പതാം സ്ഥാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളിലെയും സാമൂഹിക പുരോഗതി സൂചികയിൽ മികച്ച നേട്ടവുമായി കേരളം. വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒൻപതാം സ്ഥാനത്ത് .

കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി (65.99), ലക്ഷദ്വീപ് (65.89) എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. സൂചികയിൽ 65 ശതമാനത്തിലധികം സ്കോർ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. മിസോറാം (64.15) അഞ്ചാം റാങ്കും തമിഴ്നാട് (63.33) ആറാം റാങ്കും ഹിമാചൽ പ്രദേശ് (63.28) ഏഴാം റാങ്കും ചണ്ഡിഗഡ് (62.37) എട്ടാം റാങ്കും നേടി. 62.05 പോയിന്‍റാണ് കേരളത്തിന്‍റെ സമ്പാദ്യം. ഒൻപതാം സ്ഥാനത്തുള്ള കേരളവും പത്താം സ്ഥാനത്തുള്ള ജമ്മു കശ്മീരും തമ്മിൽ ഒന്നര സ്കോർ വ്യത്യാസമുണ്ട്. ജാർഖണ്ഡ് (43.95 ശതമാനം), ബീഹാർ (44.47 ശതമാനം), അസം (44.92 ശതമാനം) എന്നിവയാണ് ഏറ്റവുംകുറഞ്ഞ പുരോഗതിയുള്ള വിഭാഗത്തിൽ ഉൾപെട്ടിട്ടുള്ളത്.

ശ്രേണി 1- വളരെ ഉയർന്ന സാമൂഹിക പുരോഗതി, ശ്രേണി 2- ഉയർന്ന സാമൂഹിക പുരോഗതി, ശ്രേണി 3- ഉയർന്ന മധ്യവർഗ സാമൂഹിക പുരോഗതി, ശ്രേണി 4- താഴ്ന്ന മധ്യവർഗ സാമൂഹിക പുരോഗതി, ശ്രേണി 5 താഴ്ന്ന സാമൂഹിക പുരോഗതി, ശ്രേണി 6- വളരെ താഴ്ന്ന സാമൂഹിക പുരോഗതി എന്നിങ്ങനെയാണ് വിഭജനം.