കൊച്ചി മെട്രോ; രണ്ടാം ഘട്ടത്തിനായുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിർമ്മാണം മാർച്ചിൽ തന്നെ ആരംഭിക്കാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കൺസൾട്ടന്‍റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിലാണ് കാലതാമസം. രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ടം പൂർത്തിയാക്കുകയാണ് കെഎംആർഎല്ലിൻ്റെ ലക്ഷ്യം.

കൊച്ചി മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ കേന്ദ്ര ഉത്തരവു ലഭിച്ചതോടെയാണ് കെഎംആർഎൽ മുന്നോട്ട് പോകുന്നത്. എന്നാൽ കെഎംആർഎല്ലിന്‍റെ മുന്നിലുള്ള പ്രധാന തടസ്സം ഫണ്ടിംഗ് ആണ്. പുതിയ നിക്ഷേപകർ ആരെന്ന കാര്യത്തിലും വരും ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.

കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.25 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ഈ അകലത്തിൽ പതിനൊന്ന് സ്റ്റേഷനുകൾ ഉണ്ടാകും. 1957 കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.