സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ അല്ലെങ്കിൽ പാസ്ചറൈസ്ഡ് എഗ്ഗ് മയോണൈസോ ഉപയോഗിക്കാം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കരുതെന്ന് തീരുമാനിച്ചു. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ പിന്തുണ നൽകിയതായും മന്ത്രി പറഞ്ഞു.

ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ലൈസൻസ് നൽകിക്കഴിഞ്ഞാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തും. ലൈസൻസ് സസ്പെൻഡ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് കമ്മീഷണർക്ക് വീണ്ടും അനുമതി നൽകാം. ഫുഡ് പാർസൽ ഡെലിവറി ചെയ്യുമ്പോൾ നൽകുന്ന സമയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്നും വ്യക്തമാക്കുന്ന സ്റ്റിക്കർ ഒട്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഹെൽത്ത് കാർഡും നിർബന്ധമാക്കി. എല്ലാവർക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകണം. ശുചിത്വം ഉറപ്പാക്കുന്നതിന് സ്ഥാപനത്തിലെ ഒരു വ്യക്തിക്ക് സൂപ്പർവൈസറുടെ ചുമതല നൽകണം.

ഭക്ഷ്യസുരക്ഷയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിൻ്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഭക്ഷ്യസുരക്ഷ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തദ്ദേശ സ്ഥാപന പരിധിയിലെ എല്ലാ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും ലൈസൻസ് ഉറപ്പാക്കും. ലൈസൻസിനായി ഒരു ഏകീകൃത പ്ലാറ്റ്ഫോം നടപ്പാക്കുന്നതും പരിഗണിക്കും. ഓഡിറ്റോറിയത്തിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.