മാഡ 9; തദ്ദേശീയമായി നിർമ്മിച്ച കാർ അവതരിപ്പിച്ച് താലിബാൻ

കാബൂള്‍: തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ കാറിന്‍റെ ചിത്രങ്ങൾ പുറത്ത് വിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷം കൊണ്ട് 30 എഞ്ചിനീയർമാർ ചേർന്നാണ് കാർ നിർമ്മിച്ചത്. 2021 ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ, സ്ത്രീ സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ താലിബാന്‍റെ നിലപാട് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്.

താലിബാന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൾ ബാഖ്വി ഹഖാനിയാണ് കാർ അവതരിപ്പിച്ചത്. എന്‍റോപ്പ് എന്ന പ്രാദേശിക സ്ഥാപനമാണ് കാർ നിർമ്മിച്ചിരിക്കുന്നത്. കാബൂളിലെ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയർമാരാണ് മാഡ 9ന് പിന്നിൽ. ടൊയോട്ട കൊറോള എഞ്ചിനാണ് മാഡ 9ന് ഉപയോഗിച്ചിട്ടുള്ളത്. സൂപ്പർ കാറിന് അനുയോജ്യമായ രീതിയിൽ എഞ്ചിൻ പരിഷ്കരിച്ചിട്ടുണ്ട്. ഏത് ഉയർന്ന വേഗതയിലും കാറിന് സ്ഥിരത നൽകാൻ കഴിയുന്ന തരത്തിലാണ് എഞ്ചിൻ പരിഷ്കരിച്ചതെന്ന് അഫ്ഗാനിസ്ഥാനിലെ ടെക്നിക്കൽ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഗുലാം ഹൈദർ ഷഹാമെത്ത് പറഞ്ഞു. കാലതാമസമില്ലാതെ ഇലക്ട്രിക് മോഡലിലേക്ക് മാറാൻ തയ്യാറെടുക്കുകയാണെന്നും ഗുലാം ഹൈദർ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര രംഗത്തേക്കുള്ള അഫ്ഗാനിസ്ഥാന്‍റെ യാത്രയുടെ തുടക്കമാണിതെന്ന് എന്റോപ്പ് സിഇഒ മൊഹമ്മദ് റിസ അഹമ്മദി പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസത്തിന്‍റെയും അറിവിന്‍റെയും ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാൻ മാഡ 9 സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനിയർമാരാണ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തിയതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും കാറിന്‍റെ വീഡിയോകളൊന്നും ഇതുവരെ ഓൺലൈനിൽ ലഭ്യമായിട്ടില്ല. പാർക്ക് ചെയ്ത കാറിന്‍റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുറത്തുവന്ന വീഡിയോയിൽ കാറിന്‍റെ ശബ്ദമോ ഇന്‍റീരിയറോ ലഭ്യമല്ല. രാജ്യത്തെ ഏറ്റവും ജനപ്രിയ സെഡാൻ കമ്പനികളിലൊന്നാണ് ടൊയോട്ട. കാറിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും എഞ്ചിനിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.