പ്രത്യുൽപാദനക്ഷമത വര്‍ദ്ധിപ്പിക്കാൻ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനം

ക്യാന്‍ബറ: ലോകത്തിലെ 18 കോടിയിലധികം സ്വകാര്യ വ്യക്തികളും 480 ലക്ഷം ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നതും എന്നാലതിന് സാധിക്കാത്തതും വേദനാജനകമാണ്. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം. പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാൻ പല വഴികളുമുണ്ട്. പ്രത്യുൽപാദനം വർദ്ധിപ്പിക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗം മികച്ച പോഷകാഹാരം കഴിക്കുക എന്നതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷക ഡോ. ഇവാഞ്ചെലിന്‍ മാന്‍സിയോറിസ് പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ പ്രധാന ഘടകങ്ങളായ മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന് പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.

ഓസ്ട്രേലിയ ആസ്ഥാനമായുള്ള മൊണാഷ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ദി സണ്‍ഷൈന്‍ കോസ്റ്റ്, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പഠന വിഭാഗങ്ങൾ സംയുക്തമായാണ് ഗവേഷണം നടത്തിയത്. മെഡിറ്ററേനിയൻ ഭക്ഷണത്തിന് പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാനും കൃത്രിമ ബീജസങ്കലന രീതികളിലെ വിജയസാധ്യത വർദ്ധിപ്പിക്കാനും ഗുണമേന്മയുള്ള ബീജോത്പാദനത്തിനും കഴിയുമെന്ന് കണ്ടെത്തി. ഗർഭം ധരിക്കാൻ ശ്രമിക്കുന്ന ദമ്പതികൾക്ക് ഇത് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ രീതി ആയിരിക്കും.

പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് പിന്നിലെ കാരണം ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നതാണ്. അതിനാൽ, മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ആന്‍റി ഇൻഫ്ലമേറ്ററി സവിശേഷതകളുള്ള ഡയറ്റിംഗ് രീതികൾ ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർ സ്വീകരിക്കണമെന്നും ഓസ്ട്രേലിയൻ ഗവേഷക ഡോ. ഇവാഞ്ചെലിന്‍ പറഞ്ഞു.