കൂട്ടപ്പിരിച്ചുവിടലിന് മൈക്രോസോഫ്റ്റും; 10,000ലധികം ജീവനക്കാർക്ക് ജോലി പോയേക്കും

വാഷിംഗ്ടൺ: ടെക് ഭീമനായ മൈക്രോസോഫ്റ്റും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൈക്രോസോഫ്റ്റ് മൊത്തം തൊഴിലാളികളുടെ 5 ശതമാനം വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. 220,000 ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ് തീരുമാനം നടപ്പാക്കിയാൽ 10,000 ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും.

ആഗോളതലത്തിലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് ഇന്ന് (ബുധനാഴ്ച) എഞ്ചിനീയറിംഗ് ഡിവിഷനുകളിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസത്തെ വരുമാനം മൈക്രോസോഫ്റ്റ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരാഴ്ച മുൻപ് പുതിയ പിരിച്ചുവിടൽ പ്രഖ്യാപനം വരും. അതേസമയം മൈക്രോസോഫ്റ്റ് കഴിഞ്ഞ വർഷം 2 തവണ ജീവനക്കാരുടെ റാങ്ക് വെട്ടിക്കുറച്ചിരുന്നു.