മസ്കിൻ്റെ ചെലവ് ചുരുക്കൽ; വ്യാപക പരാതിയുമായി ട്വിറ്റർ ജീവനക്കാർ

സിയാറ്റില്‍: ടോയ്ലറ്റ് പേപ്പറിന്‍റെ കാര്യത്തിൽ പോലും മസ്ക് ചെലവ് കുറച്ചെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തങ്ങളുടെ ഓഫീസുകളിലെ ശൗചാലയങ്ങളിൽ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പർ ഇല്ലെന്ന് ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. റിപ്പോർട്ട് പ്രകാരം ട്വിറ്ററിന്‍റെ ഓഫീസിന് കാവൽ, സുരക്ഷാ സേവനങ്ങൾ ഇല്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധിവരെ ജീവനക്കാരുടെ ജോലിയെ ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങൾ പോലും കൃതൃമായി നീക്കംചെയ്യാൻ ആരുമില്ല.

വാടക നൽകാത്തതിനെ തുടർന്ന് ട്വിറ്ററിന്‍റെ സിയാറ്റിൽ ഓഫീസ് അടച്ചുപൂട്ടി.  വീട്ടിലിരുന്ന് ജോലി ചെയ്യാൻ മസ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെയും വാടക നൽകിയിട്ടില്ല. 1,36,250 ഡോളറാണ് ഇവിടത്തെ കെട്ടിടത്തിന്‍റെ വാടക. നിലവിൽ കെട്ടിട ഉടമ ട്വിറ്ററിന് നോട്ടീസ് നൽകിയിട്ടുണ്ട്.  ന്യൂയോർക്ക് സിറ്റിയിലും സാൻഫ്രാൻസിസ്കോയിലും ട്വിറ്ററിന് ഇനി ഓഫീസുകളുണ്ടാകും.  കൂടാതെ, രണ്ട് ചാർട്ടേഡ് വിമാനങ്ങളുടെ വാടകയും കുടിശ്ശികയാണ്. മസ്ക് ജീവനക്കാരോട് മാത്രമല്ല, സന്ദർശകരോടും പെരുമാറുന്നതിനെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ചോദ്യങ്ങളോട് മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എലോൺ മസ്കിന്‍റെ കൈകളിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്‍റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഹെഡ് യോയൽ റോത്ത് പറഞ്ഞു. കമ്പനിയിൽ നിന്ന് രാജിവച്ചതിന് ശേഷമുള്ള റോത്തിന്‍റെ ആദ്യ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തൽ. പുതിയ തൊഴിൽ സംസ്കാരം അംഗീകരിക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് ട്വിറ്ററിലെ നൂറുകണക്കിന് ജീവനക്കാർ രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് ഇത്. നേരത്തെ 3,700 പേരെ മസ്ക് പിരിച്ചുവിട്ടിരുന്നു.  മൊത്തം 7,500 ജീവനക്കാരുള്ള കമ്പനി ഇപ്പോൾ 2,900 ൽ താഴെയാണ്.